ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് . ഇതിലെ ഉള്ളടക്കം അപൂർണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യചരിത്രം
ചരിത്രരേഖകളിലൊന്നും തന്നെ പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത തില്ലങ്കേരിയുടെ ഗതകാല ചരിത്രത്തിന്റെ അന്വേഷണം നയിക്കുന്നത് പുരളിമല മുത്തപ്പന്റേയും, വയനാട്ട് കുലവന്റെയും തോറ്റംപാട്ടുകളിലേക്കാണ്. തറകളും, നാട്ടുകൂട്ടങ്ങളും, ഊര്‍പ്പള്ളികളും ഈ ഗ്രാമത്തിലുണ്ടായിരുന്നുവെന്ന് കേരളപ്പഴമയില്‍ പ്രതിപാദിച്ചിരിക്കുന്നതിന്റെ തെളിവായി ഗ്രാമത്തിന്റെ വടക്കുഭാഗത്ത് ഊര്‍പ്പള്ളി എന്ന പ്രദേശം സ്ഥിതിചെയ്യുന്നു. ഇതിന് സമീപത്തെ തൃക്കുന്ന് എന്ന പ്രദേശത്ത് മണ്ണടിഞ്ഞ ദേവാലയത്തിന്റെയും മറ്റും അവശിഷ്ടങ്ങളുള്ളത് ഈ നിഗമനത്തിനു ബലമേകുന്നു. ശിവരാത്രി പൂജയാണ് ഇവിടുത്തെ പ്രധാന ഉത്സവം. കൊട്ടിയൂര്‍ അമ്പലത്തിലെ പ്രധാന കാര്‍മ്മികര്‍ തന്നെയാണ് ഇവിടെയും പൂജാദികര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത്. വ്യത്യസ്ത സമുദായക്കാരുടെ, വളരെ പഴമയുള്ള ചില ദേവാലയങ്ങളും ഈ ഗ്രാമത്തിലുണ്ട്. ഇവിടങ്ങളിലെ ഉല്‍സവങ്ങളാകട്ടെ, ജാതിമതഭേദമെന്യേ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയവുമാണ്. പടയോട്ടക്കാലത്ത് ടിപ്പുവിന്റെ പട ഈ ഗ്രാമത്തില്‍ പ്രവേശിച്ചെങ്കിലും കോട്ടക്കുന്ന് എന്ന സ്ഥലത്തെത്തിയപ്പോള്‍ അവര്‍ക്ക് ഭയന്നു തിരിച്ചു പോകേണ്ടിവന്നു എന്ന് പഴമക്കാരുടെയിടയില്‍ പറയപ്പെടുന്നുണ്ടെങ്കിലും അതില്‍ എത്രമാത്രം ചരിത്രാംശമുണ്ടെന്നറിയില്ല. രാത്രിയിലായിരുന്നു പടയോട്ടക്കാര്‍ കോട്ടക്കുന്നിലെത്തിയതത്രെ. ഈ പ്രദേശത്ത് നിറയെ പൂത്തുനിന്ന മുളവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു പ്രത്യേകതരം ചെടി കണ്ട പടയോട്ടക്കാര്‍, അതൊക്കെ ആയുധധാരികളായ പടയാളികളാണെന്ന് തെറ്റിദ്ധരിച്ചു തിരിച്ചുപോയെന്നാണ് പഴമക്കാരുടെ ഭാഷ്യം. അതുകൊണ്ട് ആ ചെടികളെ ഇന്നും ഈ പ്രദേശത്തുകാര്‍ പടമടക്കി എന്നു വിളിക്കുന്നു. പുള്ളിമാനുകള്‍ മേഞ്ഞുനടന്ന പുള്ളിമാന്‍ ചാല്‍, പുള്ള്യാഞ്ചാലായും മയിലുകളുടെ വിഹാരരംഗമായിരുന്ന സ്ഥലം മയിലാടും പാറയായും അറിയപ്പെടുന്നു. നമ്പൂതിരിമാരെ കൂടാതെ, നമ്പ്യാര്‍, തിയ്യര്‍, നായര്‍, വാണിയ, ശാലിയ, വെളുത്തേടര്‍, കാവുതിയ്യ, വിളക്കിത്തലനായര്‍ തുടങ്ങിയവരും വണ്ണാന്‍, മലയ തുടങ്ങിയ പട്ടികജാതിക്കാരും, അടിയാന്‍, പണിയ തുടങ്ങിയ പട്ടികവര്‍ഗ്ഗ(ഗിരിവര്‍ഗ്ഗ)ക്കാരുമാണ് പരമ്പരാഗതമായി ഈ ഗ്രാമത്തില്‍ അധിവസിച്ചു വരുന്നത്. ജാതി വ്യവസ്ഥയുടെ തീവ്രതയും മേല്‍ക്കോയ്മയും ഇന്ന് തീരെ ഇല്ലാതായിക്കഴിഞ്ഞുവെന്നു പറയാം. പട്ടികവര്‍ഗ്ഗക്കാരില്‍ പണിയ വിഭാഗത്തിന്റെ ആചാരരീതികള്‍ ശ്രദ്ധേയമാണ്. പണ്ടുകാലത്ത് ഈ ഗ്രാമത്തിലെ ഭൂമി മുഴുവന്‍ കോട്ടയം കോവിലകം വകയായിരുന്നു. പിന്നീടവ ആലക്കാട്ട്, പടിഞ്ഞാറ്റ എന്നീ ഇല്ലക്കാരുടേയും ചെമ്പുംകീഴിടം, കുറുമ്പുക്കല്‍ ഇടം എന്നീ ഇടം വാഴ്ചക്കാരുടേയും അധീനതയിലായി. കാണം, കുഴികാണം, വാരം, പാട്ടം, വാക്കാല്‍ ചാര്‍ത്ത് തുടങ്ങിയ സമ്പ്രദായപ്രകാരമായിരുന്നു ഭൂമി കൈമാറ്റം നടന്നിരുന്നത്. ചെമ്പുംകീഴിടം തറവാട്ടുകാര്‍ക്ക്, ബ്രിട്ടീഷ് ഭരണാരംഭത്തോടെ അധികാരി സ്ഥാനം ലഭ്യമായി. ആദ്യകാലത്ത് ഈ ഗ്രാമത്തിലെ പ്രധാന കൃഷി നെല്ലായിരുന്നു. ഇത് വയല്‍ കൃഷിയായും കരകൃഷിയായും നടത്തി വന്നിരുന്നു. എന്നാല്‍ കൃഷിക്കാരുടെ ഇഷ്ടാനുസരണം സ്ഥിരം കൃഷി ചെയ്യാനുള്ള അവകാശം ജന്മിമാര്‍ നിഷേധിച്ചിരുന്നു. കൃഷി ചെയ്യാനുള്ള അവകാശത്തെ വെറും കൊഴു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജന്മി അതിന് പാട്ടവും നിശ്ചയിക്കുമായിരുന്നു. കരകൃഷിയെ പുനംകൃഷി എന്നാണ് പറഞ്ഞിരുന്നത്. ഈ കൃഷിക്കാവശ്യമായ സ്ഥലം വാക്കാല്‍ ഏല്‍പ്പിക്കുകയായിരുന്നു പതിവ്. പുനംകൃഷിയുടെ കൂടെ മറ്റു ധാന്യങ്ങളായ ചാമ, മുത്താറി, തിന എന്നിവയും കൃഷി ചെയ്തിരുന്നു. തുവരയും ഒരു പ്രധാന കൃഷിയായിരുന്നു. കരഭൂമി മറുപാട്ട വ്യവസ്ഥയില്‍ ലഭിച്ചവര്‍ അവിടെ കുരുമുളകുകൃഷി ചെയ്തിരുന്നു. വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് കുടിപ്പള്ളിക്കൂടങ്ങളിലെ നാടന്‍ ഗുരുക്കന്‍മാരായിരുന്നു അക്ഷരജ്ഞാനം നല്‍കുന്നതിന് നേതൃത്വം വഹിച്ചിരുന്നത്. തില്ലങ്കേരിയിലെ ആദ്യത്തെ  ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം 1913-ല്‍ ഒഴക്കത്താര്‍കരി എന്ന സ്ഥലത്ത് തില്ലങ്കേരി സ്കൂള്‍ എന്ന പേരില്‍ സ്ഥാപിച്ച വിദ്യാലയമായിരുന്നു. ഇന്നത് തില്ലങ്കേരി യു.പി.സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചുവരുന്നു. 1920-ല്‍ പള്ള്യത്ത് ഒരു വിദ്യാലയം (പള്ള്യം എല്‍.പി സ്കൂള്‍) ആരംഭിച്ചു. ഡിസ്്ട്രിക്ട് ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ 1925-ല്‍ മൂന്നാമതൊരു വിദ്യാലയം ബോര്‍ഡ് സ്കൂള്‍ (മണലാടി സ്കൂള്‍) എന്ന പേരില്‍ ആരംഭിച്ചു. അതാണ് ഗവണ്‍മെന്റ് യു.പി.സ്കൂള്‍ തില്ലങ്കേരി എന്ന് ഇന്നറിയപ്പെടുന്ന സ്ക്കൂള്‍. തുടര്‍ന്ന് 1937-ല്‍ ഉളിയില്‍ ബോയ്സ് സ്കൂളും (വാണിവിലാസം എല്‍.പി), 1941-ല്‍ മച്ചൂര്‍മല (മനോഹര വിലാസം എല്‍.പി) സ്കൂളുമാണ് സ്വാതന്ത്ര്യത്തിനു മുമ്പ് ഈ ഗ്രാമത്തിലാരംഭിച്ച വിദ്യാലയങ്ങള്‍. സ്വാതന്ത്ര്യാനന്തരം ആരംഭിച്ചവയാണ് പെരിങ്ങാനം, കാവുംപടി, പടിക്കച്ചാല്‍ എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് എല്‍.പി സ്കൂളുകള്‍. 1995-ലാണ് ഈ ഗ്രാമത്തിന് ഒരു ഹൈസ്കൂള്‍ അനുവദിച്ചുകിട്ടിയത്. ഈ വിദ്യാലയം സി.എച്ച്.എം.എം ഹൈസ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദേശീയ പ്രസ്ഥാനത്തിനും കര്‍ഷകസംഘ പ്രസ്ഥാനത്തിനും തില്ലങ്കേരിയുടെ സംഭാവന ചെറുതല്ല. ജാതിവിരുദ്ധ പ്രസ്ഥാനങ്ങളും നിയമലംഘന പ്രസ്ഥാനങ്ങളും ഈ ഗ്രാമത്തിലെ സാമൂഹ്യപ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തുകയും ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ സംഘടിക്കാന്‍ പ്രചോദനമേകുകയും ചെയ്തു. ഹിന്ദി പഠനം, വായനശാലാ പ്രവര്‍ത്തനം, നിശാപാഠശാല എന്നിവയൊക്കെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു ആക്കം കൂട്ടാനും തില്ലങ്കേരിയിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാനും സഹായിച്ച ഘടകങ്ങളാണ്. കര്‍ഷകസംഘം നേതാക്കളായ സി.എച്ച്.കണാരന്‍, കെ.എ.കേരളീയന്‍, കുഞ്ഞാപ്പുമാസ്റ്റര്‍, നീലഞ്ചരി നാരായണന്‍, കുണ്ടാഞ്ചരി കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവരുടെ പ്രവര്‍ത്തന മേഖല തില്ലങ്കേരിയിലേക്കു കൂടി വിപുലീകരിക്കുകയും മച്ചൂര്‍മലയില്‍ കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. കോഴിക്കോട്ടു നടന്ന വാളണ്ടിയര്‍ പരിശീലന ക്യാമ്പില്‍ തില്ലങ്കേരിയെ പ്രതിനിധീകരിച്ചുകൊണ്ട് കുഞ്ഞാപ്പു മാസ്റ്ററും എ.കെ.കുഞ്ഞിരാമക്കുറുപ്പും പങ്കെടുക്കുകയുണ്ടായി. ആയിടക്കാണ് 1940 സെപ്റ്റംബര്‍ 15-നു സാമ്രാജ്യത്വവിരുദ്ധ ദിനമായി ആചരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ആഹ്വാനം ചെയ്തത്. ഈ സമരത്തിന്റെ ഭാഗമായി മട്ടന്നൂരില്‍ നടന്ന പ്രകടനത്തില്‍ കുഞ്ഞാപ്പു മാസ്റ്റര്‍, എ.കെ.കുഞ്ഞിരാമക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ തില്ലങ്കേരിയില്‍ നിന്നും ധാരാളം പേര്‍ പങ്കെടുക്കുകയുണ്ടായി. പ്രസ്തുത സംഭവുമായി ബന്ധപ്പെട്ട് എ.കെ കുഞ്ഞിരാമക്കുറുപ്പിനു ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. ഈ സംഭവത്തിനു ശേഷം ഒരു രാഷ്ട്രീയ ചേരിതിരിവിനു ഇടയാവുകയും കര്‍ഷകസംഘത്തില്‍പ്പെട്ട മിക്ക കോണ്‍ഗ്രസ്സുകാരും കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരായി മാറുകയും ചെയ്തു. കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തനം വി.അനന്തനും കല്ലോറത്തു മാധവനും ഏറ്റെടുത്തു നടത്തി. രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കമുള്ള ദേവാലയങ്ങള്‍ ഈ ഗ്രാമത്തിലുണ്ടെന്ന് പഴമക്കാര്‍ പറയുന്നു. മണ്ണടിഞ്ഞ ചില ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ നയിക്കുന്നതും അത്തരം ചിന്തകളിലേക്കാണ്. ഈ ഗ്രാമത്തിലെ ചില സ്ഥലങ്ങളില്‍ കണ്ടെത്തിയ പ്രാചീനഗുഹകളും ശില്പചാതുരിയുള്ള ഭൂഗര്‍ഭ അറകളും ഈ നിഗമനത്തെ ബലപ്പെടുത്തുന്നു. പഴയകാലത്ത് ജാതിയടിസ്ഥാനത്തില്‍ കുലത്തൊഴിലുകള്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്നു. ജനനം, മരണം, വിവാഹം, പേരിടല്‍, കാതുകുത്ത്, തിരണ്ടുകല്യാണം എന്നിവയോടനുബന്ധിച്ച ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമായിരുന്നു. ജാതികളെ നിയന്ത്രിച്ചുപോന്നത് നാട്ടുകാരണവന്‍മാര്‍ എന്ന പേരിലറിയപ്പെട്ടിരുന്ന സമുദായ പ്രമാണികളായിരുന്നു. സമുദായങ്ങള്‍ക്കകത്തു നടക്കുന്ന എല്ലാവിധ ആഘോഷങ്ങള്‍ക്കും ഇവരുടെ മേല്‍നോട്ടവും കാര്‍മ്മികത്വവും അനിവാര്യമായിരുന്നു.
സാംസ്കാരികചരിത്രം
വിവിധ സമുദായങ്ങള്‍ അനുവര്‍ത്തിച്ചുവന്ന കുലത്തൊഴിലുകള്‍ക്കൊപ്പം തന്നെ കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും കുത്തകാവകാശം ഉണ്ടായിരുന്നു. തെയ്യം, ആടി, വേടന്‍, പൂരക്കളി തുടങ്ങിയ  കലാരൂപങ്ങള്‍ അവതരിപ്പിച്ചിരുന്നത് ജാതിയടിസ്ഥാനത്തിലായിരുന്നു. അതുപോലെ വിവിധ ജാതിയില്‍പ്പെട്ട ആളുകള്‍ക്കു ക്ഷേത്രാരാധന നടത്തുന്നതിനു പ്രത്യേകം ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവയൊക്കെ  ബ്രാഹ്മണരുടെയും നാടുവാഴികളുടെയും നിയന്ത്രണത്തിനു വിധേയമായിരുന്നു. കുടിപ്പള്ളിക്കൂടങ്ങള്‍ നടത്തുന്ന നാട്ടെഴുത്താശ്ശാന്‍മാരായിരുന്നു വിദ്യാഭ്യാസം നല്‍കിയിരുന്നത്. വിവിധ ജാതിയില്‍പ്പെട്ട നാട്ടെഴുത്താശ്ശാന്‍മാരുണ്ടായിരുന്നു. എന്നാല്‍ അവര്‍ ജാതിഭേദമെന്യേ എല്ലാവര്‍ക്കും അക്ഷരാഭ്യാസം നല്‍കുന്നതിനു ശ്രദ്ധിച്ചിരുന്നു. തീണ്ടലും തൊടീലും നിലനിന്ന അക്കാലത്ത് നാട്ടെഴുത്താശ്ശാന്‍മാരുടെ ഇത്തരം പുരോഗമനപ്രവര്‍ത്തനങ്ങള്‍, പില്‍ക്കാലത്ത് ദേശീയപസ്ഥാനത്തിന്റെ സന്ദേശം വേഗത്തില്‍ പ്രചരിക്കുന്നതിനും, ജാതി-ജന്മി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ആക്കം കൂട്ടുന്നതിനും സഹായകമായിട്ടുണ്ട്. സ്കൂള്‍വിദ്യാഭ്യാസത്തിന്റെ ആരംഭം, ദേശീയപ്രസ്ഥാനത്തിന്റെ സന്ദേശം, നിശാപാഠശാലകള്‍, ഹിന്ദി പഠനകേന്ദ്രങ്ങള്‍ എന്നിവ പുതിയൊരു സാംസ്കാരിക മുന്നറ്റത്തിന് കാരണമായി. തില്ലങ്കേരി ശിവക്ഷേത്രത്തില്‍ അവര്‍ണ്ണരുടെ പ്രവേശനം അധഃസ്ഥിത പിന്നാക്കക്കാരായവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ സഹായിച്ചു. 1955-ല്‍ സ്ഥാപിക്കപ്പെട്ട ദേശീയഗ്രന്ഥാലയം, തില്ലങ്കേരിയുടെ സാംസ്കാരിക രംഗത്ത് നല്‍കിയ സംഭാവനകള്‍ നിരവധിയാണ്. ഈ ഗ്രന്ഥാലയം ആരംഭിക്കുന്നതിനു വാടകയില്ലാതെ കെട്ടിടം വിട്ടുകൊടുക്കുകയും, സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനു സ്ഥലവും, മരവും സംഭാവന നല്‍കുകയും ചെയ്ത എം.കെ.കുഞ്ഞിക്കണ്ണകുറുപ്പും തില്ലങ്കേരി ഗവ:യു.പി.സ്കൂളിനു വേണ്ട സ്ഥലസൌകര്യം നല്‍കുകയും വിദ്യാര്‍ത്ഥികള്‍ക്കു സുഗമമായി സ്കൂളിലെത്താന്‍ പാലം നിര്‍മ്മിച്ചുകൊടുക്കുകയും ചെയ്ത സി.കെ.നാരായണന്‍നമ്പ്യാരും സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരില്‍ ചിലരാണ്. തില്ലങ്കേരിയില്‍ ഒരു ഗ്രന്ഥാലയം എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിനു നേതൃത്വം നല്‍കിയവരാണ് പി.വി.പത്മനാഭന്‍ നമ്പ്യാര്‍, സി.വി.പത്മനാഭന്‍ നമ്പ്യാര്‍, പി.എം.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, പി.എ.കുഞ്ഞിരാമന്‍ നമ്പ്യാര്‍, കെ.കണ്ണന്‍, കെ.പി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, സി.എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവര്‍. ഈ ഗ്രന്ഥാലയത്തിന്റെ ഉപഘടകമായി ഉദയകലാസമിതി എന്ന പേരില്‍ ഒരു ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ളബ്ബും നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് യുവജന കലാസമിതി, യംഗ്സെന്റര്‍ തുടങ്ങിയ നിരവധി ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ളബ്ബുകള്‍ സ്ഥാപിക്കപ്പെട്ടു. വടക്കെ മലബാറിലെ പഴയ നാടകകലയായ വെള്ളരിനാടകം ഈ ഗ്രാമത്തില്‍ പ്രചുരപ്രചാരം നേടിയിരുന്നു. ഈ ഗ്രാമത്തില്‍ കെട്ടിയാടുന്ന പ്രധാന തെയ്യങ്ങള്‍ ശ്രീ മുത്തപ്പന്‍, ഭഗവതി, ഘണ്ടാകര്‍ണ്ണന്‍, ഗുളികന്‍, പൊട്ടന്‍ തെയ്യം, ബപ്പൂരാന്‍, വയനാട്ടുകുലവന്‍, രുദ്രപാലന്‍, വനദേവതകള്‍, ചാമുണ്ഡി, ശാസ്തപ്പന്‍, വസൂരിമാല എന്നിവയാണ്. ഇവ കെട്ടിയാടുന്നതിനുള്ള അധികാരം ചില പ്രത്യേക സമുദായക്കാര്‍ക്കുമാത്രമാണ്. തങ്ങളുടെ സവിശേഷമായ ആചാരങ്ങളില്‍ ചിലതെങ്കിലും ഇന്നും നിലനിര്‍ത്തുന്നവരാണ് ആദിവാസികളായ പണിയര്‍. തിരണ്ടുകല്യാണം, മരണാന്തര ചടങ്ങുകള്‍ (കാക്കപ്പാട്ട്) എന്നിവയോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ തുടി എന്ന പ്രത്യേകതരം വാദ്യോപകരണം ഇവര്‍ ഉപയോഗിക്കുന്നു. ഇവരുടെ ശവസംസ്കാര രീതികളും ചടങ്ങുകളും വ്യത്യസ്തമാണ്.